Saturday, 30 July 2011

ഭക്ഷ്യസുരക്ഷാ ബിൽ - ഒരു തിരനോട്ടം

പാർലമെന്റിന്റെ മഴക്കാ‍ല സമ്മേളനം മറ്റന്നാൾ (ആഗസ്റ്റ് 1-നു) തുടങ്ങുകയാണ്. ഈ സെഷനിൽ വരാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട ബിൽ ആയിരിക്കും ദേശീയ ഭക്ഷ്യസുരക്ഷാ ബിൽ.

ബിൽ നിലവിൽ വരുമ്പോൾ ഇന്ത്യൻ ഗ്രാമീണ ജനതയുടെ 75%-ഉം, നഗരങ്ങളിലെ / പട്ടണങ്ങളിലെ ജനസംഖ്യയുടെ 50%-ഉം ഭക്ഷ്യസുരക്ഷാ ബില്ലിന്റെ പരിധിയിൽ വരും. ഗ്രാമങ്ങളിലെ 75%-ൽ, 46% പേരും മുൻ‌ഗണനാ വിഭാഗത്തിൽ വരും. ഇങ്ങനെ മുൻ‌ഗണനാ വിഭാഗത്തിൽ വരുന്ന കുടുംബങ്ങളിലെ ഓരോരുത്തർക്കും ഒരു മാസത്തിൽ 7 കിലോ ധാന്യങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാകും - 2 രൂപയ്ക്ക് അരി, മൂന്നു രൂപയ്ക്ക് ഗോതമ്പ്, 1 രൂപയ്ക്ക് മറ്റ് ധാന്യങ്ങൾ എന്നിങ്ങനെയാണ് സബ്സിഡി നിരക്കുകൾ. നഗരങ്ങളിലെ 50%-ൽ 28% പേരാണ് മുൻ‌ഗണനാ വിഭാഗത്തിൽ വരുന്നത്. ബാക്കിയുള്ളവർക്ക് (മുൻ‌ഗണനാ വിഭാഗത്തിൽ വരാത്തവർക്ക്) - സർക്കാർ കൃഷിക്കാരിൽ നിന്നും ധാന്യം വാങ്ങുന്ന വിലയുടെ പകുതി നിരക്കിൽ മാസം 20 കിലോ ധാന്യം ലഭ്യമാക്കണം എന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു.

ഒറ്റനോട്ടത്തിൽ ഇന്ത്യയിലെ ദാരിദ്ര്യവും പട്ടിണിയും ഒഴിവാക്കാൻ വലിയതോതിൽ സഹായകമാകുന്ന ഈ ബിൽ ഇതിലും വിപുലമായ ലക്ഷ്യങ്ങളോടെയാണ് തുടങ്ങിയത്. പല ഘട്ടങ്ങളിലൂടെയും കടന്ന്, ഓരോ ഘട്ടത്തിലും ബില്ലിന്റെ വ്യവസ്ഥകൾ വെള്ളം ചേർത്ത്, ബിൽ ഇന്നത്തെ രൂപത്തിലാവുകയായിരുന്നു.

അല്പം ചരിത്രം
--------------------
ഭക്ഷ്യസുരക്ഷാ ബില്ലിന്റെ തുടക്കം രാജസ്ഥാനിലെ പി.യു.സി.എൽ. (പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ്) എന്ന സംഘടന 2001-ൽ സുപ്രീം കോടതിയിൽ കൊടുത്ത റിട്ട് ഹർജ്ജിയിൽ നിന്നായിരുന്നു. ഇന്ത്യാ സർക്കാർ, ദേശീയ ഫുഡ് കോർപ്പറേഷൻ, ചില സംസ്ഥാന സർക്കാരുകൾ എന്നിവയ്ക്കെതിരെ കൊടുത്ത പരാതിയിൽ അവർ പറഞ്ഞത് ഭരണഘടനയുടെ 21-ആം ആർട്ടിക്കിളിൽ പറഞ്ഞിരിക്കുന്ന “ജീവിക്കാനുള്ള അവകാശത്തിൽ” ഒന്നാണ് ഭക്ഷണത്തിനുള്ള അവകാശം എന്നായിരുന്നു.

ഇതിനു പിന്നാലെ - ഇന്ത്യാ സർക്കാരിന്റെ എട്ട് പരിപാടികളെ വിവിധ ഇടക്കാല ഉത്തരവുകളിലൂടെ സുപ്രീം കോടതി നിയമപരിരക്ഷയുള്ള അവകാശങ്ങളാക്കി മാറ്റി. ഈ ഇടക്കാല ഉത്തരവുകളുടെ നടപ്പിൽ വരുത്തൽ ഉറപ്പുവരുത്തുന്നതിനും, ഇവയെപ്പറ്റി വിശദമായ അഭിപ്രായങ്ങൾ നൽകുന്നതിനും സുപ്രീം കോടതി രണ്ട് കമ്മീഷണർമാരെയും നിയമിച്ചു.

സുപ്രീം കോടതി നിയമം വഴി അവകാശങ്ങളാക്കി മാറ്റിയ കേന്ദ്രസർക്കാരിന്റെ പദ്ധതികളിൽ ചിലത്:

പൊതു വിതരണ സംവിധാനം - ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് സബ്സിഡി നിരക്കിൽ 35 കിലോ ഭക്ഷ്യധാന്യങ്ങൾ നൽകുക
അന്ത്യോദയ അന്ന യോജന - അന്ത്യോദയ കാർഡിന്റെ ഗുണഭോക്താക്കളായി ആറ് പ്രത്യേക പരിഗണനാ ഗ്രൂപ്പുകളെ രേഖപ്പെടുത്തി. അന്ത്യോദയ കാർഡ് ഇവർക്ക് മാസം 25 കിലോ ധാന്യത്തിന്റെ ലഭ്യത, അരിയ്ക്ക് 3 കിലോ, ഗോതമ്പിനു 2 കിലോ നിരക്കിൽ ഉറപ്പുവരുത്തുന്നു.
ഉച്ചഭക്ഷണ പദ്ധതി - എല്ലാ സർക്കാർ വിദ്യാലയങ്ങളിലും സർക്കാർ സഹായം കിട്ടുന്ന പ്രൈമറി വിദ്യാലയങ്ങളിലും സംസ്ഥാന സർക്കാരുകൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കണം. ചുരുങ്ങിയത് 200 ദിവസത്തേയ്ക്ക് ഈ പദ്ധതി നടപ്പിലാക്കണം. ഓരോ ഉച്ചഭക്ഷണത്തിലും ചുരുങ്ങിയത് 300 കാലറിയും, 8-12 ഗ്രാം പ്രോട്ടീനുകളും ഉണ്ടായിരിക്കണം.
സംയോജിത ശിശു വികസന പദ്ധതി (Integrated Child Development Services - ICDS)

ഇതിനു പിന്നാലെ ദേശീയ ഉപദേശക സമിതി (NAC) ഭക്ഷ്യസുരക്ഷാ ബില്ലിനു രൂപം കൊടുക്കാനായി ഒരു സമിതി രൂപീകരിച്ചു (ജൂലൈ 2010). ഇവരുടെ നിർദ്ദേശങ്ങൾ (കരടു രൂപം) സർക്കാരിനു 2010 ഒക്ടോബറിൽ സമർപ്പിച്ചു. ഭക്ഷ്യ സുരക്ഷാ ബില്ലിനെക്കുറിച്ചുള്ള ദേശീയ ഉപദേശക സമിതിയുടെ നിർദ്ദേശങ്ങൾ പഠിക്കാൻ പ്രധാനമന്ത്രി ഒരു കമ്മിറ്റിയെ (രംഗരാജൻ കമ്മിറ്റി) നിയമിച്ചു. രംഗരാജൻ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞത് ദേശീയ ഉപദേശക സമിതിയുടെ നിർദ്ദേശങ്ങൾ അപ്രായോഗികമാണെന്നായിരുന്നു. ഒന്നുകിൽ ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള കുടുംബങ്ങൾക്ക് മാസം 10 കിലോയിൽ കൂടുതൽ ധാന്യങ്ങൾ ലഭ്യമാക്കാതിരിക്കുക, അല്ലെങ്കിൽ ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള കുടുംബങ്ങളെ ഭക്ഷ്യസുരക്ഷാ ബില്ലിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുക എന്നായിരുന്നു രംഗരാജൻ കമ്മിറ്റി നിർദ്ദേശിച്ചത്.

എന്നാൽ ദേശീയ ഉപദേശക സമിതി രംഗരാജൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞു. രംഗരാജൻ കമ്മിറ്റിയുടെ മറ്റൊരു നിർദ്ദേശം ദരിദ്ര കുടുംബങ്ങൾക്ക് സ്മാർട്ട് കാർഡുകൾ ലഭ്യമാക്കുക, ഈ സ്മാർട്ട് കാർഡുകൾ വഴി ഭക്ഷണ സബ്സിഡികൾ ലഭ്യമാക്കുക എന്നതായിരുന്നു. എന്നാൽ ഴാൻ ദ്രേസ് ഉൾപ്പെടെയുള്ള പല പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരും നേരിട്ടുള്ള ധന കൈമാറ്റം (Direct Cash Transfer) എന്ന ആശയത്തെ ശക്തമായി എതിർത്തു; സാമ്പത്തിക ശാസ്ത്രജ്ഞർ ഗ്രാമങ്ങളിലെ 1220 കുടുംബങ്ങളെ സർവ്വേ ചെയ്തതിൽ, വെറും 18 ശതമാനത്തിനു മാത്രമേ നേരിട്ടുള്ള ധന കൈമാറ്റത്തോടു താല്പര്യമുണ്ടായിരുന്നുള്ളൂ. (ഉദാ: ധാന്യങ്ങളുടെ വില കൂടുന്നത് അനുസരിച്ച് സർക്കാർ കൂടുതൽ കാശ് കൈമാറും എന്ന് ഒരു ഉറപ്പുമില്ല).

ഴാൻ ദ്രേസ് ദേശീയ ഉപദേശക സമിതിയിൽ നിന്നും 2011 ജൂണിൽ രാജിവെച്ചു. ദേശീയ ഉപദേശക സമിതി തന്നെ ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ പല കരട് നിർദ്ദേശങ്ങളും ദുർബലപ്പെടുത്തിയിരുന്നു. ദേശീയ ഉപദേശക സമിതി 2011 ജൂൺ 12-നു ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ കരട് പൊതു ചർച്ചയ്ക്ക് (അവരുടെ വെബ് വിലാസം വഴി) ലഭ്യമാക്കി. പൊതു ജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങളും പരിഗണിച്ച് ദേശീയ ഉപദേശക സമിതി റിപ്പോർട്ട് സർക്കാരിനു കൈമാറി.

എന്നാൽ ദേശീയ ഉപദേശക സമിതിയുടെ പല നിർദ്ദേശങ്ങളും സർക്കാർ നിയമിച്ച മന്ത്രിമാരുടെ സംഘം (Empowered Group of Ministers - EGOM) മയപ്പെടുത്തി; മറ്റ് പല നിർദ്ദേശങ്ങളും മന്ത്രിമാരുടെ സംഘം തള്ളിക്കളഞ്ഞു.

ചില പ്രധാന ഒഴിവാക്കലുകളും വെള്ളം ചേർക്കലുകളും ചുവടെ കൊടുക്കുന്നു

1 - ഗ്രാമീണ ജനതയിൽ 90%-പേരും നഗരങ്ങളിൽ 50%-പേരും ഭക്ഷ്യസുരക്ഷാ ബില്ലിന്റെ പരിധിയിൽ വരണം എന്ന് എൻ.എ.സി. നിർദ്ദേശിക്കുന്നു. സർക്കാർ ഇത് 75% - 50% ആക്കി.
2 - പോഷകാ‍ഹാരക്കുറവ്, പട്ടിണി, ന്യൂട്രിഷൻ ദൌർലഭ്യം എന്നിവ പരിഹരിക്കാൻ കേന്ദ്രങ്ങൾ തുടങ്ങണം എന്ന് എൻ.എ.സി. ആവശ്യപ്പെട്ടു. സർക്കാർ ഇത് തള്ളിക്കളഞ്ഞു.
3 - അരി, ഗോതമ്പ്, മില്ലറ്റുകൾ (ബജ്ര, തിന, റാഗി, തുടങ്ങിയവ), സോർഘം, ചോളം എന്നിവ ലഭ്യമാക്കണം എന്ന് എൻ.എ.സി. ആവശ്യപ്പെട്ടു. സർക്കാർ അരി, ഗോതമ്പ്, പോഷക സീറിയലുകൾ എന്നിവ മാത്രമേ പ്രതിപാദിപ്പിക്കുന്നുള്ളൂ.
4 - എൻ.എ.സി. പൊതു വിതരണ സംവിധാനം എന്നു പ്രതിപാദിക്കുന്നിടത്ത് സർക്കാർ അതിനെ റ്റാർഗറ്റെഡ് പൊതു വിതരണ സംവിധാനം എന്നാക്കി.
5- പൊതു വിഭാഗത്തിൽ ഒരാൾക്ക് 4 കിലോ ധാന്യം എന്ന് എൻ.എ.സി. നിർദ്ദേശിച്ചത് സർക്കാർ 3 കിലോയിലേയ്ക്കു ചുരുക്കി.
6- പോഷകാഹാരക്കുറവിനെ പ്രതിരോധിക്കാനും ചികത്സിക്കാനുമുള്ള സംവിധാനങ്ങൾ എൻ.എ.സി. നിർദ്ദേശിച്ചു. സർക്കാർ ഇവയെ നീക്കി.
7- ഒരു ഭക്ഷ്യ കമ്മീഷണറെ പൊതു നിർദ്ദേശത്തിലൂടെ തിരഞ്ഞെടുക്കണം എന്ന് എൻ.എ.സി. ആവശ്യപ്പെട്ടു, സർക്കാർ ഈ വ്യവസ്ഥ നീക്കി.
8- ഈ കമ്മീഷണറുടെ ചുമതലകൾ എൻ.എ.സി. പ്രതിപാദിക്കുന്നു, സർക്കാർ പതിപ്പിൽ ഒരു ചുമതലകളും പ്രതിപാദിക്കുന്നില്ല.
9- എൻ.എ.സി. നിർദ്ദേശമനുസരിച്ച് ഈ കമ്മീഷണർക്ക് പിഴകൾ ഈടാക്കാനുള്ള അധികാരവും, ഒരു സിവിൽ കോടതിയുടെ അധികാരങ്ങളും ഉണ്ടായിരിക്കും. സർക്കാർ ഇത് നീക്കി.
10- പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനം എൻ.എ.സി. നിർദ്ദേശിക്കുന്നു. സർക്കാർ ഇത് നീക്കി
11- ഭക്ഷണത്തിനു പകരമായി ലഭിക്കേണ്ട ഭക്ഷണത്തിന്റെ മൂന്നിരട്ടി പണം നൽകണം എന്ന് എൻ.എ.സി. നിർദ്ദേശിച്ചു. സർക്കാർ ഇത് നീക്കി.
12 - ഗർഭിണികൾക്കും, പ്രസവിച്ചു കഴിഞ്ഞ് നവജാതശിശുവിനെ പരിരക്ഷിക്കുന്ന സ്ത്രീകൾക്കും സൌജന്യനിരക്കിൽ ധാന്യം നൽകണം എന്ന് എൻ.എ.സി. നിർദ്ദേശിക്കുന്നു, സർക്കാർ ഈ വ്യവസ്ഥകൾ നീക്കി.
13 - പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാകുന്നവർക്ക് 200 ദിവസത്തെ തൊഴിലുറപ്പ്, അഗതികളും വീടില്ലാത്തവരുമായവർക്ക് പ്രത്യേക പരിരക്ഷകൾ, സാമൂഹിക ഓഡിറ്റിങ്ങ് നടത്താൻ സ്വതന്ത്ര ഡയറടറേറ്റ് സ്ഥാപിക്കുക, തുടങ്ങിയവ എൻ.എ.സി. വിഭാവനം ചെയ്തു, സർക്കാർ ഇത് നീക്കി.

ഇങ്ങനെ ദരിദ്രർക്കു ക്ഷേമകരമാകുന്ന പല വ്യവസ്ഥകളും നീക്കേണ്ടി വന്നത് മന്ത്രിമാരുടെ അധികാര വടംവലികൾ കൊണ്ടാണെന്നതാണ് ക്രൂരമായ ഫലിതം. ഉദാ: പോഷകാഹാരക്കുറവ് വനിതാക്ഷേമ , ശിശുക്ഷേമ മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതാണ്, ഭക്ഷ്യസുരക്ഷാ ബിൽ ഭക്ഷ്യമന്ത്രാലയത്തിനു കീഴിലും. അതുകൊണ്ട് (മറ്റൊരു മന്ത്രാലയത്തിന്റെ അധികാരത്തിൽ കൈ കടത്തുന്നതുകൊണ്ട്) ഭക്ഷ്യസുരക്ഷാ ബില്ലിൽ നിന്നും പോഷകാഹാരക്കുറവിനെക്കുറിച്ചുള്ള വ്യവസ്ഥകൾ നീക്കി. അതുപോലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനു ഭക്ഷ്യോൽ‌പ്പാദനത്തിലെ വർദ്ധനയെപ്പറ്റി പ്രതിപാദിക്കേണ്ടതാണ്, പക്ഷേ ഭക്ഷ്യോൽ‌പ്പാദനം കൃഷി മന്ത്രാലയത്തിനു കീഴിലാണ്, അതുകൊണ്ട് ബില്ലിൽ ഭക്ഷ്യോൽ‌പ്പാദനത്തെപ്പറ്റി പരാമർശമൊന്നുമില്ല.

ഇത്രയും മാറ്റങ്ങൾക്കു ശേഷം ഭക്ഷ്യ സുരക്ഷാ ബിൽ മന്ത്രിമാരുടെ കമ്മിറ്റി (EGOM) അംഗീകരിച്ചു. ഈ പാർലമെന്റ് സെഷനിൽ ബില്ല് അവതരിപ്പിക്കും. ബിൽ നിയമമാകുന്നതോടെ രാജ്യത്തെ ഭക്ഷ്യ സബ്സിഡി 2010-2011-ലെ 74,231 കോടിയിൽ നിന്നും 95,000 കോടി രൂ‍പയിലേയ്ക്ക് ഉയരും. പൊതു വിതരണത്തിനായി 61 ദശലക്ഷം ഭക്ഷ്യധാന്യങ്ങൾ സർക്കാർ സംഭരിക്കേണ്ടി വരും. രാജ്യത്തെ ജനസംഖ്യയുടെ 68% പേർക്കും സബ്സിഡി നിരക്കിലുള്ള ധാന്യങ്ങൾ ലഭിക്കാൻ നിയമപരമായ അവകാശം ലഭിക്കും.

ഇന്നത്തെ രൂപത്തിൽ ഈ ബിൽ നിയമമാകുന്നതു പോലും സ്വതന്ത്ര ഇന്ത്യയുടെ സാമൂഹിക സുരക്ഷയുടെ കാര്യത്തിൽ ഒരു വലിയ കാൽ‌വെയ്പ്പാണ്. രാജ്യത്തെക്കുറിച്ച് ആശനശിക്കേണ്ടതില്ല എന്ന് ഇത്തരം കാൽ‌വെയ്പ്പുകൾ ഓർമ്മിപ്പിക്കുന്നു.

No comments:

Post a Comment